2013 ഒക്‌ടോബർ 1, ചൊവ്വാഴ്ച

ബാലാമണിയമ്മ-വ്യതസ്തയായ ഒരു കവി.

 മലയാള കവിതയിലെ പഞ്ച മഹാനാദങ്ങളായിരുന്നു ബാലാമണിയമ്മയും ജീയും ഇടശേരിയും വൈലോപ്പിള്ളിയും പീയും. മലയാള കവിതയുടെ പുഷ്കല കാലമായിരുന്നു അത്. പരിഷത്ത് അംഗങ്ങളായിരുന്നു ഈ അഞ്ചു പേരും.

പരിഷത്തിന് അന്നുമിന്നും കടുകട്ടിയായ ചില കീഴ്വഴക്കങ്ങളുണ്ട്. സർക്കാരിൽനിന്നും പ്രവർത്തന ഗ്രാന്റ് കൈപ്പറ്റാതിരിക്കുക, എതെങ്കിലും പുരസ്കാരം കിട്ടിയതിന്റെ പേരിൽ ആർക്കും സ്വീകരണങ്ങൾ സംഘടിപ്പിക്കാതിരിക്കുക, ആരുടെയും ഷഷ്ടിപൂർത്തിയും സപ്തതിയുമൊന്നും ആഘോഷിക്കാതിരിക്കുക തുടങ്ങിയ നിർബന്ധങ്ങൾ അതിൽ ഉൾപെടുന്നു. എങ്കിലും രണ്ടു സന്ദർഭങ്ങളിൽ ഈ കീഴ്വഴക്കങ്ങൾ തിരുത്തിയിട്ടുണ്ട്; പരിഷത്ത് അംഗങ്ങളായ എഴുത്തുകാരികളിൽ ബാലാമണിയമ്മക്ക് പദ്മഭൂഷൺ ലഭിച്ചപ്പോളും ലീലാവതിടീച്ചർക്ക് പദ്മശ്രീ ലഭിച്ചപ്പോഴും.

പൊതുവെ, ആ തലമുറ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്ത് താരങ്ങളാകാൻ താല്പര്യമുള്ളവരായിരുന്നില്ല.  അവരുടെ സാന്നിധ്യത്തിലുള്ള ഇരുത്തി പ്രശംസകൾ അവരെ അസ്വസ്ഥരാക്കുമായിരുന്നു!
പദ്മഭൂഷൺ ലഭിച്ചതിനുള്ള സ്വീകരണത്തിൽ പങ്കെടുക്കാൻ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഒടുവിൽ ബാലാമണിയമ്മ പരിഷത്തിൽ വന്നു. സ്വീകരണങ്ങൾ ഏറ്റുവാങ്ങി. പ്രസംഗങ്ങൾ കൊഴുത്തു. അവസാനം ബാലാമണിയമ്മയുടെ മറുപടി പ്രസംഗത്തിനു സമയമായി. 

ആകാംക്ഷയോടെ കാത്തിരുന്നവരോട് അവര്‍ പറഞ്ഞത് ഇതായിരുന്നു:
 'സ്വീകരണത്തിനു നന്ദി. എഴുത്തുകാരെ ആദരിക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ നല്ലകാര്യം. അങ്ങനെ ചെയ്യുന്നവർ അവരുടെ സംസ്കാരമാണ് പ്രകടിപ്പിക്കുന്നത്. അതിനെ അഭിനന്ദിക്കാതെ വയ്യ. പക്ഷേ, പ്രശംസ കേട്ടാൽ ആപത്തുവരും എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഞാൻ ഇവിടെ നടന്ന ഒരു പ്രസംഗവും കേട്ടില്ല. എല്ലാം പ്രശംസകളായിരുക്കുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. പ്രശംസകേട്ട് ആപത്തുണ്ടാകാതിരിക്കാൻ ഞാൻ വേദിയിൽ കണ്ണടച്ചിരുന്ന് നമശ്ശിവായ ജപിക്കുകയായിരുന്നു.....'

സ്വീകരണങ്ങള്‍ സ്വയം സംഘടിപ്പിയ്ക്കുന്ന 'സാഹിത്യകാരന്‍മാരുടെ' ഈ കാലഘട്ടത്തില്‍ വളരെ കൗതുകം തോന്നുന്ന ഈ സമീപനം മഹത്തരം തന്നെയല്ലേ..

സീപ്പീക്കെ പദ് മനാഭന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ